മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് നിലവിലെ ജലനിരപ്പ്. നാല് ഷട്ടറുകൾ 30 സെ.മി ഉയർത്തിയിട്ടുണ്ട്. 2,300 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരുന്ന 5 ഷട്ടറുകൾ അടച്ചു.
ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഇന്നലെ പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും.