Kerala

മുല്ലപ്പെരിയാർ മരംമുറിക്കൽ; നവംബർ ഒന്നിന് യോഗം നടന്നില്ലെന്ന് ആവർത്തിച്ച് ജലവിഭവ വകുപ്പ്

മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് യോഗം നടന്നില്ലെന്ന് ആവർത്തിച്ച് ജലവിഭവ വകുപ്പ്. നവംബർ ഒന്നിന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചനും രാജേഷ് സിൻഹയും ടി കെ ജോസഫിന്റെ ഓഫിസിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ കണ്ട് മടങ്ങിയതെന്നാണ് പറഞ്ഞതെന്ന് ജല വിഭവ വകുപ്പ് വൃത്തങ്ങൾ പറയുന്നു. ജലവിഭവ സെക്രട്ടറി ടി കെ ജോസ് വിഡിയോ കോൺഫറൻസിൽ ആയിരുന്നെന്നും ജലവിഭവ വകുപ്പ് വ്യക്തമാക്കി.

നേരത്തെ മന്ത്രിയടക്കമുള്ളവർ പറഞ്ഞത് മരംമുറിക്കൽ സംബന്ധിച്ച ചർച്ചകളൊന്നും നടന്നിരുന്നില്ല എന്നായിരുന്നു. എന്നാൽ ബെന്നിച്ചൻ തോമസ് പുറത്തുവിട്ട വിശദീകരണ കുറിപ്പ് പ്രകാരം മരംമുറിക്കലുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ യോഗം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ വനം മേധാവി പി കെ കേശവൻ മുഖ്യമന്ത്രിയെ കണ്ടു. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഐഎഫ്എസ് അസോസിയേഷൻ ഇതേ ആവശ്യം ഉന്നയിച്ച് വനം മന്ത്രി എ കെ ശശീന്ദ്രനെയും കണ്ടു.