മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കഴിഞ്ഞതവണ വാദം കേള്‍ക്കവേ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാണ്.
മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങളില്‍ ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കേരളവും തമിഴ്‌നാടും സമവായത്തിലെത്തിയിരുന്നില്ല. യോഗത്തിന്റെ മിനുട്ട്‌സ് ഇന്ന് സുപ്രിംകോടതിക്ക് കൈമാറും. മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു.
ഇരു സംസ്ഥാനങ്ങളുടെയും ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പുതിയ അണക്കെട്ട് എന്ന വിഷയം മേല്‍നോട്ട സമിതിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന നിലപാടാണ് കോടതിക്കുള്ളത്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളിലാണ് കോടതി അന്തിമ വാദം കേള്‍ക്കുന്നത്.