മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിൽ ജലനിരപ്പ് എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.05 അടിയായി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശനനിർദേശമുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം.