Kerala

മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. നിലവില്‍ 1,259 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡോ. ജോ ജോസഫാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തിയി സൃഷ്ടിക്കുകയാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യം വേണം. മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട് കൈകാര്യം ചെയ്യുന്ന രീതിയെയും സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.