Kerala

മുല്ലപ്പെരിയാർ ഡാം തുറന്നു; രണ്ട് ഷട്ടറുകൾ 35 സെ.മീ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന്,നാല് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്.

ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 60 സെന്റീമീറ്ററോളമാണ് ജലനിരപ്പ് ഉയരുക.വള്ളക്കടവിലാണ് ആദ്യം വെള്ളമെത്തുക. 20 – 30 മിനിറ്റിനുള്ളിൽ വെള്ളം വള്ളക്കടവിലെത്തും.

അതേസമയം മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ.രാജനും തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാറിലെത്തി. കേരളം സുസജ്ജമെന്നും മുല്ലപ്പെരിയാർ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും ഇരുവരും അറിയിച്ചു. മാത്രമല്ല അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയിരുന്നു.