Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേതുടർന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ്പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. തമിഴ്നാട് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി തുടരുന്നു.

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താൽ മാത്രമേ തുറക്കുന്ന കാര്യം പുനഃപരിശോധിക്കുകയുളളു.പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇന്ന് ക്യാമ്പിലേക്ക് മാറ്റും. മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിൽ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുതാത്പര്യ ഹർജിയിൽ ഉച്ചയ്ക്ക് ശേഷം വാദം കേൾക്കും. ഡാമിലെ ജലനിരപ്പിൽ മാറ്റം വേരുത്തേണ്ടെന്നാണ് മേൽനോട്ട സമിതി റിപ്പോർട്ട്. മേൽനോട്ട സമിതിയുടെ തീരുമാനത്തിൽ കേരളം ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കും.