Kerala

മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി; ജലനിരപ്പ് 138.95 അടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളും 60 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇതോടെ സെക്കന്റില്‍ 3981 ഘനയടിയായി.
നിലവില്‍ ഡാമിന്റെ എട്ട് സ്പില്‍വേ ഷട്ടറുകളാണ് 60 സെ.മീ വീതം ഉയര്‍ത്തിയത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയില്‍ എത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതര്‍ മൂന്ന് ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണ് അടച്ച ഷട്ടറുകള്‍ ഉള്‍പ്പെടെ തുറക്കുന്നത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.