Kerala

ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു; ജഗദീഷിനൊപ്പമുള്ള രസകരമായ അനുഭവം തുറന്നുപറഞ്ഞ് മുകേഷ്

സിനിമയിലെപ്പോലെ തന്നെ ഉറ്റസുഹൃത്തുക്കളാണ് മുകേഷും ജഗദീഷും. ഇരുവരുടെയും കൂട്ടുകെട്ടിലിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോള്‍ ജഗദീഷുമായുള്ള രസകരമായ ഒരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് മുകേഷ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

വീടുപണി ഗംഭീരമാക്കാന്‍ വേണ്ടി ജഗദീഷ് ഓടിനടക്കുന്ന സമയമാണ്. അന്നാണ് എന്റെയടുത്ത് വന്നിട്ട് ഒരു പ്രോഗ്രാമുണ്ടെന്ന് പറയുന്നത്. അരമണിക്കൂറുളള സ്‌കിറ്റാണ് നമ്മള്‍ രണ്ടുപേരുമാണ് ഉളളത്. അങ്കമാലിയിലെ വലിയൊരു പ്രോഗ്രാമാണ് നിനക്കും എനിക്കും കാശ് പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു. നീ വിചാരിക്കുന്ന പോലെയല്ല. ഉഗ്രന്‍ പൈസ കിട്ടും.

അവര്‍ അഡ്വാന്‍സും തന്നു. പിന്നെ എന്‍റെ രണ്ടുപാട്ടും കൂടിയുണ്ട്. അങ്ങനെ തലേദിവസം ഞാന്‍ ജഗദീഷിന്‌റെടുത്ത് ചെന്നപ്പോള്‍ ഇദ്ദേഹത്തിന് ശബ്ദമില്ല. ഏന്തൊക്കേയോ ആംഗ്യഭാഷയില്‍ പറയുന്നു. ഞാന്‍ ചോദിച്ചു ഇത് വെച്ചുകൊണ്ട് നീ എങ്ങനെ സ്‌കിറ്റ് ചെയ്യും. അപ്പോ അവന്‍ എഴുതിവെച്ചിരിക്കുന്നത് നോക്കി റിഹേഴ്‌സല്‍ ചെയ്യുന്നുണ്ട്. അപ്പോ പരിപാടിയില്‍ നിന്നും നമ്മുക്ക് പിന്മാറാമെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവന്‍ കേട്ടില്ല.

തുടര്‍ന്ന് അവനെയും കൂട്ടി എനിക്ക് പരിചയമുളള ഒരു ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനടുത്ത് കൊണ്ടുപോയി. ഡോക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോ അദ്ദേഹം പറഞ്ഞു ഇതിന് മെഡിസിനൊന്നുമില്ല. മൂന്ന് ദിവസം സൗണ്ടിന് റെസ്റ്റ് കൊടുക്കണം. നാളെയാണ് പ്രോഗ്രാമെന്ന് പറഞ്ഞപ്പോഴും അദ്ദേഹം സമ്മതിച്ചില്ല. മൂന്ന് ദിവസം വിശ്രമം എടുത്താല്‍ മാത്രമേ ഇത് മാറുളളൂവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അപ്പോ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നമ്മള്‍ക്ക് ഇത് ക്യാന്‍സല്‍ ചെയ്യാമെന്ന് ഞാന്‍ ജഗദീഷിനോട് പറഞ്ഞെങ്കിലും അപ്പോഴും അവന്‍ ഇല്ല ഇല്ല വീടുപണി എന്ന് ആംഗ്യത്തില്‍ പറയുന്നത് കേള്‍ക്കാം. അങ്ങനെ എന്തെങ്കിലുമാകട്ടെ നാളെ ഇത് കാണുമ്പോള്‍ ഭാരവാഹികള്‍ തന്നെ വേണ്ട എന്ന് പറയുമല്ലോ എന്ന് ഞാനും കരുതി. അങ്ങനെ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തി അവന്‍ മേക്കപ്പ് ഒകെ ഇട്ട് ഇരിക്കുകയാണ്.

ഞാനും അവനും മാത്രമേ സ്‌കിറ്റില്‍ ഉളളു. വല്ല ചെരിപ്പ് എറിയലോ മറ്റോ ഉണ്ടെങ്കില്‍ രണ്ടുപേരും പോകും. അപ്പോഴും ഞാന്‍ ജഗദീഷിനോട് പറഞ്ഞു. എടാ കാശ് ഞാന്‍ തന്നേക്കാം. നമുക്ക് പിന്‍വാങ്ങാമെന്ന്. എന്നാല്‍ ഇവന്‍ കേട്ടില്ല. തുടര്‍ന്ന് അവന്‍ ആദ്യം സ്‌റ്റേജിലോട്ട് കയറി. പിറകെയാണ് ഞാന്‍ ചെല്ലേണ്ടത്. അങ്ങനെ ഇവന്‍ ആദ്യത്തെ രണ്ട് ഡയലോഗ് പറഞ്ഞു. വല്യ കുഴപ്പമൊന്നും കാണുന്നില്ല. അത്യാവശ്യം ആള്‍ക്കാര്‍ക്ക് മനസിലാകുന്നുണ്ട്. തൊണ്ടയ്ക്ക് ഇങ്ങനെയാരു പ്രശ്‌നമുണ്ടെന്ന് മനസിലാവുന്നില്ല. അങ്ങനെ അത്രയ്ക്കും പെര്‍ഫക്ടായി സ്‌കിറ്റ് തീര്‍ത്തു. സംഘാടകര്‍ ബാക്കി കാശ് തരികയും ചെയ്തു. ഇത് ഞാന്‍ ഡോക്ടറെ വിളിച്ചുപറഞ്ഞു. അന്ന് ഫേമസ് ആയ ഒരു ടൈറ്റിലിനെ കുറിച്ചും മുകേഷ് ചിരിയോടെ പറഞ്ഞു. ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു. വീടുപണി വന്ന് കഴിഞ്ഞാല്‍ ശാസ്ത്രമൊക്കെ തോറ്റ് തൊപ്പിയിട്ടുപോകും.