Kerala

മുഹമ്മദിന് ആവശ്യമായ 18 കോടി രൂപയും ലഭിച്ചു; ഇനി പണം അയക്കേണ്ട

കണ്ണൂർ മാട്ടൂലിൽ അപൂർവ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന മുഴുവൻ പണവും ലഭിച്ചു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയാണ് അറിയിച്ചത്. 18 കോടി രൂപയാണ് മുഹമ്മദിന് മരുന്നിനായി കണ്ടെത്തേണ്ടിയിരുന്നത്.

ഇനി ആ മരുന്ന് വിദേശത്ത് നിന്ന് എത്തിക്കുകയും ഒരു ഡോസ് മുഹമ്മദിന് കുത്തി വയ്ക്കുകയും ചെയ്‌യുന്നതോടെ മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് എത്തും.

പൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂൽ കപ്പാലം സ്വദേശി മുഹമ്മദിന്റെ ജീവിതം ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മുഹമ്മദിന്റെ സഹോദരി അഫ്രയും ഇതേ രോഗത്താൽ ദുരിതമനുഭവിക്കുന്ന കുട്ടിയാണ്.

മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുൻപ് സോൾജൻസ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവെക്കണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് മുഹമ്മദിന്റെ സഹോദരി അഫ്ര വീൽചെയറിലായത്. ആ ഗതി മുഹമ്മദിനെങ്കിലും വരാതിരിക്കാൻ നിരവധി സുമനസുകളാണ് കൈകോർത്തത്.