മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിൽ പതിനഞ്ചുകാരനെ കാണാതായിട്ട് രണ്ട് വർഷം പൂർത്തിയാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. വെറ്റിലപ്പാറ സ്വദേശികളായ ഹസ്സൻ കുട്ടി -കദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം.
2021 ആഗസ്റ്റ് 14 ന് രാവിലെയാണ് വീട്ട് മുറ്റത്ത് നിന്ന് ഭിന്നശേഷിക്കരനായ മുഹമ്മദ് സൗഹാനെ കാണാതായത്.തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരാഴ്ചയോളം വീടിന് സമീപത്തെ ചെക്കുന്ന് മലയിലും പരിസരത്തും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല.
അരീക്കോട് പൊലീസിന്റെ നേതൃത്വത്തിൽ തമിഴ്നാട് ,കർണാടക ഉൾപ്പടെയുള്ള ഇടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷികുന്നത്.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പറയുന്നത്.
അന്വേഷണം കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ടു കുടുംബം മുഖ്യമന്ത്രി ,ഡിജിപി,ജില്ലാ പൊലീസ് മേധാവി ,ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകിയിരുന്നു.അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് എന്നാണ് പൊലീസ് വിശദീകരണം.