Kerala

‘മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ല, എന്തുവേണമെങ്കിലും പരിശോധിക്കാം’; മന്ത്രി പി എ മുഹമ്മദ് റിയാസ്


മാസപ്പടി വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് വേണമെങ്കിലും പരിശോധിക്കാം പാർട്ടി സെക്രട്ടറി വ്യക്താമാക്കിയതാണ്. അതേസമയം വിവാദത്തില്‍ മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല.

മാസപ്പടി വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയൊളിക്കുകയാണെന്നും മന്ത്രി റിയാസും ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്നും പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചതാണെന്ന് റിയാസും വ്യക്തമാക്കിയത്.

തിരുവനന്തപുരം മാനവീയം വീഥിയുടെ നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് പറഞ്ഞു . നവീകരണ പ്രവർത്തനങ്ങൾ വീഥിയിലെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് ഉപരിതലം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആഗസ്റ്റ് 20 നകവും നടപ്പാത നിർമാണം 25 നകവും പൂർത്തിയാകും. നടപ്പാത, ഗാതറിങ് പോയിന്‍റ്, വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭിത്തി, സ്ട്രീറ്റ് ലൈബ്രറി, സ്ട്രീറ്റ് ആർട്ട് കഫേ എന്നിവയുടെ നിർമാണവും നവീകരണത്തിൻ്റെ ഭാഗമായി പൂർത്തിയാക്കും.