India Kerala

നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകാൻ ഇത് എകെജി സെന്‍ററല്ല,

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് എംഎസ്എഫ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കും. കോടതിയില്‍ നിയമപരമായി നേരിടുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പറഞ്ഞു.

കാലിക്കറ്റ് സർവകലാശാല എഡ്യൂക്കേഷൻ ഡിപ്പാർട്മെന്‍റിലെ ആകെയുള്ള രണ്ട് ഒഴിവുകളിലേക്ക് നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നുവെന്നാണ് ആരോപണം. ഉയർന്ന അക്കാദമിക യോഗ്യതകളും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് ഇന്‍റർവ്യൂവിൽ കുറഞ്ഞ മാർക്ക് നൽകി അവരെ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഷംസീറിന്‍റെ ഭാര്യ ഷഹാലയെ നേരത്തെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിയമിക്കാനുള്ള നീക്കവും വിവാദമായിരുന്നു.

നവാസിന്‍റെ പ്രതികരണം

നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകാൻ ഇത് എകെജി സെന്‍ററല്ല, കാലിക്കറ്റ് സർവകാലശാലയാണ്, സാധ്യമായ മുഴുവൻ നിയമ പോരാട്ടങ്ങൾക്കും എംഎസ്എഫ് നേതൃത്വം നൽകും. കാലിക്കറ്റ് സർവകലാശാല എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെ ആകെയുള്ള 2 ഒഴിവുകളിലേക്കാണ് നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നത്. കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശ്രമിച്ച് വിവാദമായി പിന്മാറിയ എ എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലാ ഷംസീറിനെ 10 വര്‍ഷം മുൻപ് വിരമിച്ച അവരുടെ തന്നെ ഗൈഡായ ഡോക്ടർ പി കേളുവിനെ ഇന്‍റർവ്യൂ ബോർഡിൽ അംഗമാക്കിയാണ് കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലെ സംവരണാടിസ്ഥാനത്തിലെ മുസ്ലിം ഒഴിവിലേക്ക് ഇന്‍റർവ്യൂ മാർക്ക് അട്ടിമറിച്ച് തിരുകി കയറ്റാൻ ശ്രമിക്കുന്നത്

ഇതേ ഡിപ്പാർട്മെന്റിലെ മെറിറ്റ് റാങ്ക് പട്ടികയിൽ ഒന്നാമതായി മുൻ എസ്എഫ്ഐ നേതാവും നിലവിൽ ഡിവൈഎഫ്ഐ നേതാവുമായ അബ്ദുള്ള നവാസിന്റെ ഭാര്യ റീഷയയെ ആണ് കൊണ്ടുവന്നിരിക്കുന്നത്

ആകെയുള്ള 2 ഒഴിവുകളിലേക്ക് എഴുപതോളം അപേക്ഷകരിൽ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 38 പേർ ഇന്‍റർവ്യൂവിന് ഹാജരായി. ഉയർന്ന അക്കാദമിക യോഗ്യതകളും, ഗവേഷണ പ്രസിദ്ധീകരണങ്ങളും സർവകലാശാലകളിലും കോളേജുകളിലും അധ്യയന പരിചയവുമുള്ള നിരവധി അപേക്ഷകർക്ക് ഇന്റർവ്യൂവിൽ കുറഞ്ഞ മാർക്കുകൾ നൽകി അവരെ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്. യോഗ്യരായ പലരെയും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഷോർട്ട് ലിസ്റ്റിംഗിൽ നിന്ന് ഒഴിവാക്കിയാണ് അക്കാദമിക യോഗ്യത കുറഞ്ഞവരെ തിരുകിക്കയറ്റിയത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല ഗവർണറെ സമീപിക്കുന്നതും കോടതിയെ സമീപിക്കുന്നതുമായ എല്ലാ നിയമ പോരാട്ട മാർഗ്ഗങ്ങളുടെയും സാധ്യതകൾ എംഎസ്എഫ് പരിശോധിക്കും.