കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്.
ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്.ടി.സിയിലുള്ളത്.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് ആണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും നിയമനം നടക്കുന്നില്ലന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ ആയിരത്തിലേറെ വരുന്ന എം. പാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സമാനമായ രീതിയിൽ പിരിച്ചുവിട്ടു റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താൽകാലിക ജീവനക്കാരെ ദീർഘനാളായി തുടരാനനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.