India Kerala

കേരളം പിഴ കുറച്ചേക്കും

മോട്ടോര്‍ വാഹനനിയമത്തിലെ പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടായേക്കും. ഹെല്‍മെറ്റ് വയ്ക്കാത്തതിനും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമുള്ള പിഴത്തുക 500 ആയി കുറച്ചേക്കും. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ പിഴത്തുക കുറയ്ക്കാന്‍ സാധ്യതയില്ല.

പുതുക്കിയ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കനത്ത പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്.

നിലവാരം കുറഞ്ഞ ഹെല്‍മറ്റ് ധരിക്കുക, ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് നിലവില്‍ 500 രൂപയാണ് പിഴ. ഇത് 300 ആയി കുറച്ചേക്കും. ഹെല്‍മെറ്റ് ധരിക്കാത്തതിനും, സീറ്റ്ബെല്‍റ്റ് ഇടാത്തതിനും 1000 രൂപ എന്നത് 500 ആയി കുറച്ചേക്കും.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 എന്നത് 3000 – 2000 ആക്കി കുറച്ചേക്കും. ഓവര്‍ലോഡിന് 20,000 എന്നത് 10,000 ആക്കി കുറയ്ക്കാനാണ് ആലോചന. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും, അപകടകരമായ ഡ്രൈവിങ്ങിനുമുള്ള പിഴ കുറയ്ക്കില്ല.

മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് 10,000 തന്നെ ഇടാക്കും. അപകടകരമായ ഡ്രൈവിങ്ങിന് 3000 തന്നെ ഈടാക്കും. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 2000 എന്നത് അങ്ങനെ തന്നെ തുടരും.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും പിഴയില്‍ കുറവുണ്ടാകില്ല. കേന്ദ്രം ഭേദഗതി കൊണ്ട് വരുന്നത് വരെ പുതിക്കിയ പിഴ ഈടാക്കേണ്ടതില്ലെന്ന ധാരണയും ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച്ച ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും ഇടത് മുന്നണിയുടേയും അനുമതിയോടെ പിഴത്തുക കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.