India Kerala

ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു

താമരശ്ശേരി മേഖലയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ ബൈക്കോടിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. താമരശ്ശേരി മേഖലയില്‍ സ്ഥിരം പരിശോധന ഏര്‍പ്പെടുത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.

കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.പി ഷബീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സ്‌ക്വാഡുകളായാണ് താമരശ്ശേരി മേഖലയില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 65 നിയമ ലംഘനങ്ങള്‍ പിടികൂടി. ഇതില്‍ 25 കേസുകള്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതാണ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചവരും പിടിയിലായി. നിയമപരമായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്തവര്‍ക്കും സൈലന്‍സര്‍ മാറ്റി സ്ഥാപിച്ച് ബൈക്കോടിച്ചവര്‍ക്കും പിഴയടക്കാന്‍ നോട്ടീസ് നല്‍കി. നമ്പര്‍പ്ലേറ്റ് ഇല്ലാതെ ഓടിയ ബൈക്ക് കസ്റ്റഡിയിലെടുത്തു.

65 കേസുകളില്‍ നിന്നായി 45500 രൂപ പിഴ ഈടാക്കി. ‌ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുമ്പോഴും നിയമലംഘകരുടെ എണ്ണം കുറയുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.