India Kerala

ആഗസ്ത് 5 മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന

റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ആഗസ്ത് അഞ്ചു മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന നടത്തും. ഓരോ ദിവസവും ഓരോ തരം നിയമലംഘനങ്ങൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ നടത്തുന്നത്. അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

ആഗസ്ത് അഞ്ചു മുതൽ ഏഴുവരെ സീറ്റു ബെൽറ്റ് ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിംഗ്, 11 മുതൽ 13 വരെ അമിതവേഗത , 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കൽ, 17 മുതൽ 19 വരെ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്നൽ ജമ്പിംഗും, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും 28 മുതൽ 31 വരെ കൂളിംഗ് ഫിലിം അധിക ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ചാണ് പരിശോധന. പരിശോധനകളുടെ മേൽനോട്ടത്തിനായി സംസ്ഥാനതലത്തിൽ ഐ.ജി ട്രാഫിക്കിനെ നോഡൽ ഓഫീസറാക്കി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി ആഴ്ച തോറും നടപടികൾ അവലോകനം ചെയ്യും.

അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നൽകും. ബസ് ബേകളിൽ നിർത്താതെ റോഡിൽ കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾ നിർത്തുന്നതിനെതിരെ നടപടിയെടുക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് സ്‌കൂൾ ബസുകളുടെ അമിതവേഗത, ഓവർ ലോഡ് തുടങ്ങിയവ പരിശോധിക്കും. കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും.