Kerala

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ജാമ്യം

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മകനെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ജാമ്യം. ജാമ്യാപേക്ഷയെ സർക്കാർ കോടതിയില്‍ എതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞെന്ന നിരീക്ഷണത്തിൽ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേത്വത്വത്തില്‍ അന്വഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ വിധി പറഞ്ഞത്.

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് തന്നെ ഇത്തരമൊരു കേസില്‍ കുടുക്കുകയായിരുന്നെന്നാണ് ഹരജിക്കാരി കോടതിയെ അറിയിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇവർ കുഞ്ഞിന് ചില മരുന്നു നൽകിയിരുന്നതായി മൊഴി ലഭിച്ചിരുന്നെന്നും പരിശോധനയിൽ ഈ മരുന്നു കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി.