സംസ്ഥാനത്ത് കോവിഡ് ബാധിതരായ യുവാക്കളുടെ മരണം കൂടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെയ് ഒന്ന് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 18 നും 40നും ഇടയില്‍ 24 പേര്‍, 41 നും 59 നും ഇടയില്‍ 131 പേര്‍- മൊത്തം 155 പ്രായം കുറഞ്ഞവരാണ് മരിച്ചത്. ഒന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ മരിച്ചത് 272 പേരാണ്. ആ സമയത്ത് പോലുമില്ലാത്ത വേഗതയിലാണ് ഇപ്പോള്‍ മരണ നിരക്ക് കൂടുന്നത്.
ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത അന്ന് മുതല്‍ മെയ് 10 വരെ 5879 പേരാണ് മരിച്ചത്. അതില്‍ 18നും 59നും ഇടയില്‍ 1445 പേരും 13 കുട്ടികളുമാണ് മരിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 0.3 ശതമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മരണങ്ങളും കൂടുന്നു. കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷേ അതൊന്നും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.