Kerala

രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്‌ഐയും

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.

റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്‍ഐഎ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു. തൃശൂരില്‍ പിഎഫ്‌ഐ ജില്ലാ ഓഫീസിലാണ് പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.

എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം മണക്കാട് പിഎഫ്‌ഐ ഓഫീസില്‍ നിന്ന് മൂന്നുമൊബൈലുകളും ആറ് ലഘുലേഖകളും രണ്ട് പുസ്തകങ്ങളും പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്ത് എന്‍ഐഎ റെയ്ഡില്‍ എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തു. വയനാട് മാനന്തവാടിയിലെ പിഎഫ്‌ഐ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം അഞ്ചലില്‍ നിരവധി ഡോക്യുമെന്റുകള്‍ പിടിച്ചെടുത്തു.

പോപുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളം , യുപി ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്‌ഡെന്ന് എന്‍ഐഎ അറിയിച്ചു,.