മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ ടി.ഒ സൂരജിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. രാവിലെ 10 മുതൽ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകിയത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാലം പൊളിക്കാനുള്ള തീരുമാനമെടുത്തതായി സർക്കാരും കോടതിയെ അറിയിച്ചു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടന്ന് വിജിലൻസും കോടതിയെ അറിയിച്ചു. പ്രതികൾക്കെതിരെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നും കേസ് ഡയറി ഹാജരക്കാനും കോടതി നിർദേശം നൽകി. പ്രതികൾ നൽകിയ ജാമ്യ ഹർജികൾ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.
പാലാരിവട്ടം പാലത്തിനു കുഴപ്പമില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും പ്രതികൾ ഹൈക്കോടതിയെ അറിയിച്ചു. താൻ ഉപകരണം മാത്രമാണെന്നും സർക്കാർ ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് സൂരജിന്റെ വാദം. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.