Kerala

ഡോക്ടർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കടുത്ത നിയന്ത്രണം

ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ.

ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു.

ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ സ്ഥിരീകരിച്ചത് 17, 19 വാർഡുകൾ അടച്ചു. മെഡിക്കൽ കോളജ് ഓഫീസിൽ വരുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി ഒരു ഒപിയിൽ 50 രോഗികളെ മാത്രമേ പരിശോധിക്കേണ്ടത് ഉള്ളൂ എന്ന് മെഡിക്കൽ കോളജ് തീരുമാനമെടുത്തു. അധികമായി വരുന്ന രോഗികൾക്ക് ഫോൺ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി മാറ്റിയിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ ജോലിയിലുള്ള മൂന്ന് ദേവസ്വം പാറാവുകാർക്കും റിസർവ് ബറ്റാലിയനിലെ ആറ് പൊലീസുകാർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 20 പേരെ പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഇന്ന് 30 പേരുടെ പരിശോധന നടക്കും. ലോക് ഡൗൺ നിലവിൽ വന്നപ്പോൾ തന്നെ ക്ഷേത്രത്തിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സാമൂഹിക വ്യാപനം നടന്ന പൂന്തുറയിൽ 26ഉം പുല്ലുവിളയിൽ 19ഉം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ചികിത്സയിൽ ഇരിക്കുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 2062 രോഗികളാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 832 രോഗികളാണുള്ളത്.