India Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി, ശനിയാഴ്ച അവധി

കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ഈ മാസം 31 വരെയുള്ള ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ഓരോ ദിവസവും നിലവിലുള്ളതിന്‍റെ പകുതി ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതി. ആദ്യദിവസം ജോലിക്ക് വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം അവധിയായിരിക്കും.

കേരളം ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അടക്കുന്നു. കേരള – തമിഴ്നാട് അതിര്‍ത്തി അടക്കുകയാണ്.

കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ റോഡുകൾ അടച്ചു. ദേശീയപാതയും സംസ്ഥാന പാതകളും ഉൾപ്പെടെ 12 റോഡുകളാണ് അടച്ചത്. അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ.ഡി സജിത്ത് ബാബു അറിയിച്ചു.

കോവിഡിന്‍റെ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്ത് നേരിട്ട വലിയ പ്രതിസന്ധിയെ മറികടക്കാന്‍ നബാര്‍ഡിനോട് മുഖ്യമന്ത്രി 2000 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നു. കോവിഡിന്‍റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കാനാണ് തുക ആവശ്യപ്പെട്ടിരിക്കുന്നത്.