മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനമോടിച്ചതെന്ന് ശാസ്ത്രീയ തെളിവ് ലഭിച്ചു. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചു. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു.
അപകട സമയം ശ്രീറാമാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ദൃക്‌സാക്ഷികൾ നൽകിയ വിവരം അനുസരിച്ചാണ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഫോറൻസിക് പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം തന്നെയാണ് കാറിന്‍റെ സീറ്റ് ബെൽറ്റിലുള്ളതെന്ന് കണ്ടെത്തി. എന്നാൽ കാറിന്‍റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതർ കവറിലെയോ വിരലടയാളങ്ങൾ വ്യക്തമല്ലെന്നും വിരലടയാള വിദഗ്‍ധരുടെ പരിശോധനാഫലത്തിൽ പറയുന്നു.
കാറിന്‍റെ വാതിലിൽ നനവുണ്ടായിരുന്നതിനാൽ കൃത്യമായ തെളിവുകൾ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തിലുള്ളത്. ഫൊറൻസിക് പരിശോധനയ്ക്കായി വിദഗ്‍ധർ എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കൂടാതെ സ്ഥലത്ത് ഫോറൻസിക് വിദഗ്‍ധർ എത്തുന്നതിന് മുമ്പ് തന്നെ ക്രെയിനുപയോഗിച്ച് കാർ മാറ്റിയിട്ടതോടെ കുറ്റകൃത്യം നടന്നയിടം അതേപോലെ സൂക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും ആക്ഷേപമുയർന്നിരുന്നു. ഇനി വാഹനത്തിന്റെ വിദഗ്ദ്ധ പരിശോധനാ ഫലമാണ് നിർണായകം.