Kerala

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി; മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ പ്രവര്‍ത്തിക്കുക രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രമായിരിക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക് ഡൗൺ നിലവില്‍ വരും. ഇരിങ്ങാലക്കുട കെ.എസ്.ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികൾ കൂടാൻ കാരണമായതിനെ തുടർന്നാണ് നടപടി. ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിന് പുറമെ മെഡിക്കൽ ഷോപ്പുകളും തുറന്നു പ്രവർത്തിക്കും. ഈ വഴിയുള്ള ദീർഘദൂര ബസുകൾ ഒഴികെ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമ്പര്‍ക്കവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ അവലോകന യോഗം ചേരുകയാണ്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റൈനില്‍ പോകും.