Kerala

സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ; ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും

സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിൻറെ ഭാഗമായി 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും മദ്യനയത്തിൽ ഉൾപെടുത്തിയേക്കും. ( more bevco outlets kerala )

നിലവിലുള്ള മദ്യശാലകളിൽ തിരക്കുകൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് ബെവ്കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽ മാത്രം ഔട്ലറ്റുകളുള്ള സ്ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുൾപ്പടെ പുതിയ മദ്യവില്പന ശാലകൾ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത്തരത്തിൽ 6വിഭാഗം സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള ശുപാർശയിൽ അനുകൂലസമീപനമാണ് സർക്കാരിനുള്ളത്. കാർഷികോത്പന്നങ്ങളിൽ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈൻ പദ്ധതിയും മദ്യനയത്തിൽ പ്രഖ്യാപിച്ചേക്കും. സർക്കാർ മേഖലയിലാകും ഇതിന്റെ നിർമാണം. ഇതിനുപുറമെ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും പുതിയ മദ്യനയത്തിൽ ഉൾപെടും. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം ശുപാർശകൾ മന്ത്രിസഭ പരിഗണിക്കും.

ഏപ്രിലിൽ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും.