കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് മൊഴി. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ് കൃപേഷിനെ തലക്ക് വെട്ടിയതെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം സഹിക്കാനാകാതെയെന്ന് പീതാംബരന്‍ മൊഴി നല്‍കി. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കുക. പീതാംബരന്റെ സുഹൃത്തുക്കളായ ആറു പേർ കൊലയിൽ പങ്കാളികളായിട്ടുണ്ട്.
അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. കേസില്‍ ഉള്‍പ്പെട്ട ആറ് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് . ഇവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് സൂചന.ഇപ്പോൾ കസ്റ്റഡിയിലുള്ളവരെക്കൂടാതെ കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൃത്യത്തില്‍ പങ്കെടുത്തുവരുമായ ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് ഉള്ളതാണെന്ന് വിവരം.