നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ലഭിച്ച ഒന്നാംപ്രതി എസ്.ഐ കെ.എ സാബുവിന്റെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. കേസില്‍ റിമാന്‍ഡിലായ നാല് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുക.
നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ നെടുങ്കണ്ടം എസ്.ഐ കെ.സാബുവിനെ ക്രൈം ബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ പീര്മേട് കോടതിയാണ് എസ്.ഐ സാബുവിനെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ നാല് പ്രതികളുടെയും മൊഴികള്‍ സംബന്ധിച്ച വിശദമായ പരിശോധനയാണ് ക്രൈബ്രാഞ്ച് സംഘം രേഖപ്പെടുത്തുന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതിന്റെ വിശദമായ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ വന്നേക്കാം. ഇന്നലെ റിമാന്‍ഡിലായ എ.എസ്.ഐ റെജിമോനും ഡ്രൈവര്‍ നിയാസ് എന്നിവര്‍ കുറ്റം സമ്മതിച്ച് കൂടുതല്‍ മൊഴികള്‍ നല്‍കി.
രാജ്കുമാറിനെ അതിക്രൂരമായി നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടാംനിലയായ വിശ്രമമുറിയില്‍ മര്‍ദ്ദിച്ചുവെന്ന കൂട്ടുപ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. പ്രതി രാജ്കുമാറിനെ പല പൊലീസ് ഉദ്യോഗസ്ഥരും അതിക്രൂരമായി മര്‍ദ്ദിച്ചത് കണ്ടുവെന്ന് കൂട്ടുപ്രതികളായ മഞ്ജുവും ശാലിനിയും വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനെയും ശാലിനിയെയും മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തലില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് ചോദ്യം ചെയ്തേക്കും.