കണ്ണൂരിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് ഇവര്‍. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്.
ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിനടുത്തുള്ള റോഡില്‍ ഇറക്കിവിട്ടു. പിന്നീട് അക്രമിസംഘം പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ സാജിദിന്റെ ഭാര്യക്ക് അയച്ചു. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നിലെന്ന് സാജിദ് ആരോപിച്ചിരുന്നു.