മൂലമറ്റം പവര്‍ഹൌസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അറ്റകുറ്റ പണികള്‍ക്കായി 17ആം തിയ്യതി വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജലവൈദ്യുത പദ്ധതികളിലായി 13.24 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 3.45 ദശലക്ഷം യൂണിറ്റാണ് മൂലമറ്റം പവർ ഹൌസില്‍നിന്ന് ഉല്‍പാദിപ്പിച്ചുവരുന്നത്. 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതിദിനം ഇതോടെ ഉണ്ടാകും. പവർ ഹൌസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം ഒരു മാസം മുമ്പ് നിർത്തിവച്ചിരുന്നു. ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തി വച്ചുള്ള നടപടി അസാധാരണമാണ്. ഇതോടെയാണ് മൂലമറ്റം പവർ ഹൌസിലെ വൈദ്യുതി ഉല്‍പാദനം പൂർണമായും നിലച്ചത്.
ജനറേറ്ററുകളുടെ കൂളിംഗ് സംവിധാനത്തിന്റെ തകരാർ പരിഹരിക്കലാണ് പ്രധാന ലക്ഷ്യം. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം നിയന്ത്രിക്കുന്ന കുളമാവിലെ കണ്‍ട്രോള്‍ ഗേറ്റിലെ തകരാറും പരിഹരിക്കും. കുറവ് വരുന്ന വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം. 68 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ സംസ്ഥാനം പുറത്തനിന്ന് വാങ്ങുന്നത്.