ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം . പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നത്. ഇത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണെന്നും മന്ത്രി എം.എം മണി പറഞ്ഞു .
സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയമായ മൂലമറ്റം പവര്‍ ഹൗസില്‍ പതിനൊന്ന് ദിവസത്തിനിടെ രണ്ട് പൊട്ടിത്തെറികളാണ് ഉണ്ടായത്. നിലയത്തില്‍നിന്ന് അപകടങ്ങള്‍ കാരണം 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നത്. ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് പ്രധാന അപകടകാരണം. വൈദ്യുതി നിലയത്തിലെ നവീകരണവും ഫലം കണ്ടില്ലെന്നു മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്ന പരിശീലനം ലഭിച്ച ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റിയതും നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. 2019 മുതല്‍ കെ.എസ്.ഇ.ബിയില്‍ വന്ന ഓണ്‍ലൈന്‍ സ്ഥലമാറ്റവും നിലയത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചു . 2011 ജൂണ്‍ 20ന് മൂലമറ്റം നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ വനിതാ എന്‍ജിനീയര്‍ ഉള്‍പ്പടെ 2 പേര്‍ മരിച്ചു . നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന ഭൂഗർഭ വൈദ്യുതി നിലയത്തിൽ തുടരെ ഉണ്ടാകുന്ന പൊട്ടിത്തെറി വലിയ ആശങ്ക പരത്തുന്നു .