Kerala

ചുഴലിക്കാറ്റിന്റെ സ്വാധീനം: സംസ്ഥാനത്ത് മണ്‍സൂണ്‍ ഈ മാസം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍

ബിപര്‍ജോയ് ചുഴലിക്കാറ്റ് അപ്രതീക്ഷിതമായി മുന്നേറ്റം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍ കാറ്റ് ശക്തി പ്രാപിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജൂണിലെ ആദ്യ രണ്ടാഴ്ചകളില്‍ സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 50% കുറവ് മഴയാണ് ലഭിച്ചത്. മഴമേഘങ്ങളും കാറ്റും കേരളത്തിലെ ഏതാനും ചില ജില്ലകളിലോ ഒറ്റപ്പെട്ട മേഖലകളിലോ മാത്രമാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഗുജറാത്ത് തീരത്തിനടുത്തുള്ള ചുഴലിക്കാറ്റിന്റെ സ്വാധീനം വടക്കന്‍ ജില്ലകളിലാണ് കൂടുതലായി അനുഭവപ്പെടുന്നത്. ഇതുമൂലം തെക്കന്‍ ജില്ലകളിലാണ് ഇപ്പോള്‍ കൂടുതലായി മഴ ലഭിച്ചുവരുന്നത്.

ജൂണ്‍ 15ന് ചുഴലിക്കാറ്റ് കരതൊടുമെന്നും അതിന് ശേഷം ദുര്‍ബലമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തുടനീളം അടുത്ത നാലാഴ്ചക്കാലം ലഭിക്കുന്ന മഴയുടെ അളവ് കുറവായിരിക്കുമെന്ന് പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പറയുന്നു. എന്നിരിക്കിലും കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കാലാവസ്ഥാ വിദഗ്ധര്‍. ചുഴലിക്കാറ്റിന്റെ സ്വാധീനം ഈ മണ്‍സൂണ്‍ മുഴുവന്‍ ഉണ്ടാകില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.