സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സൂചന കണക്കിലെടുത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കേരള-കർണ്ണാടക തീരത്തോട് ചേർന്നുളള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.തെക്ക്-പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ ഒത്തുവരുന്നതിനാൽ രണ്ട് ദിവസത്തിനുളളിൽ കാലവർഷം കേരളത്തിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.ശക്തമായ മഴയുണ്ടാകുനുളള സാധ്യതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 9ന് കൊല്ലം,ആലപ്പുഴ ജില്ലകളിലും 10ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്.ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട,കോട്ടയം,ഇടുക്കി,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലായി തെക്ക്-പടിഞ്ഞാറ് അറബിക്കടൽ,തെക്ക്-കിഴക്ക് അറബിക്കടൽ,കേരള തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ കാറ്റ് വീശാനുളള സാധ്യയുളളതിനാൽ സൂചിപ്പിച്ച മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.