Kerala

പുരാവസ്തു തട്ടിപ്പിൽ ബന്ധം; ഐജി ജി ലക്ഷ്മണിന് സസ്പൻഷൻ

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണിന് സസ്പൻഷൻ. ഫയലിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പൻഷൻ. 2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മൺ. (monson mavunkal lakshman suspended)

ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിൻ്റെ വീട്ടിൽ താമസിച്ചു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തൊട്ടുമുൻപ് വരെ മോൻസണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി. ലോക്ക്‌ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

പരാതി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോൻസണു നൽകി. ഇത് പരാതിക്കാർക്ക് അയച്ച മോൻസൺ തൻ്റെ സ്വാധീനം വ്യക്തമാക്കി. നേരത്തെ മോൻസണെതിരെ ആലപ്പുഴ എസ് പി കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ അന്വേഷണച്ചുമതല ചേർത്തല എസ്എച്ച്ഓയ്ക്ക് കൈമാറാൻ ഐജി ലക്ഷ്മൺ കത്ത് നൽകിയിരുന്നു. മോൻസണെ അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ മുതൽ തന്നെ ഐജി ഇയാലുടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഐജി മടങ്ങിയതിനു ശേഷമാണ് 16 പേരടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് അഞ്ചാം തീയതി മോൻസൺ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബിൽ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനിൽകാന്തിനു മെമെൻ്റോ നൽകാനായി മോൻസൺ മാവുങ്കൽ പോയത് ഇതിനു പിന്നിലും ഐജി ലക്ഷ്മൺ ആയിരുന്നു. 2017 മുതൽ ഐജിക്ക് മോൻസണുമായി ബന്ധമുണ്ടായിരുന്നു.ഇതിന് ഐജി ഔദ്യോഗികമായി കത്ത് നൽകി. മോൻസൺ മാവുങ്കലിൻ്റെ മകളുടെ മനസമ്മതത്തിൻ്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു.