Kerala

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിൽ; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

മോൻസൺ മാവുങ്കലിന് സംരക്ഷണം നൽകിയത് എന്തടിസ്ഥാനത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി. പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

മോൺസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. ആനക്കൊമ്പ് കാണുമ്പോൾ അതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേയെന്നും എന്തുകൊണ്ട് ഇയാളെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ലെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജി പിക്ക് നിർദേശം നൽകി. പൊലീസ് പീഡനമാരോപിച്ച് മോൻസണിന്റെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

ഇതിനിടെ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.