തൃശൂര്‍ കുരഞ്ഞിയൂരില്‍ കുരങ്ങുപനി ബാധിച്ച് മരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തില്‍ അടുത്ത സമ്പര്‍ക്കമില്ലെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ 20 പേരാണുള്ളതെന്ന് മന്ത്രി അറിയിച്ചു. യുവാവിന്റെ മരണകാരണം കുരങ്ങുവസൂരി തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യ കേസ് കേരളത്തില്‍ തിരിച്ചറിഞ്ഞത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. കുരങ്ങുവസൂരിക്ക് മരണനിരക്ക് കുറവാണെങ്കിലും അലംഭാവം പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂരിലെ യുവാവിന്റെ മരണം ചികിത്സ തേടാന്‍ വൈകിയത് മൂലമാണോ എന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പറയാമെന്നാണ് മന്ത്രി അറിയിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് എല്ലാവരുടെയും സാമ്പിള്‍ എടുക്കാന്‍ കഴിയില്ല. ഹെല്‍പ്പ് ഡെസ്‌ക് വഴി നിരീക്ഷണം ശക്തമാക്കുമെന്നും വീണാട ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് കുരഞ്ഞിയൂര്‍ സ്വദേശിയുടെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്.
അന്തരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഫുട്ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു.ഇതേ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഈ മാസം 19 നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യനില വഷളായിരുന്നു.