ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത് വഴിവിട്ട നീക്കങ്ങളിലൂടെ. തൃശൂര്‍ സ്വദേശികളില്‍ നിന്ന് ലഭിച്ച ആനക്കൊമ്പിനാണ് 2016ല്‍ മോഹന്‍ലാലിന് ലൈസന്‍സ് അനുവദിച്ചത്. വ്യവസ്ഥകളില്‍ ഇളവ് വരുത്തി ലൈസന്‍സ് നല്‍കിയിട്ടും ആനക്കൊമ്പ് കൈവശം വന്നുചേര്‍ന്നതിലെ നിയമ തടസം മോഹന്‍ലാലിന് മറികടക്കാനായിട്ടില്ല. നിയമപരമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പാരമ്പര്യമായി ലഭിച്ച മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ ലൈസന്‍സോടു കൂടി മാത്രമെ സൂക്ഷിക്കാവൂ എന്നാണ് നിയമം. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. 2012ല്‍ വനം വകുപ്പ് നല്‍കിയ വിവരവകാശ രേഖയില്‍ ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന് അനുമതിയില്ലെന്ന് വ്യക്തമാക്കുന്നു. മോഹന്‍ലാലിന്റെ കൈവശമുള്ളത് തൃശൂര്‍ സ്വദേശികളുടെ പേരിലുള്ള ആനക്കൊമ്പുകളാണെന്നാണ് ഔദ്യോഗിക രേഖ.
1977ലെ നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അവരുടെ രക്ത ബന്ധുക്കള്‍ക്ക് മാത്രമേ അത് കൈമാറാന്‍ അനുമതിയുള്ളു. മറ്റൊരാള്‍ക്ക് സമ്മാനമായി പോലും കൊടുക്കാന്‍ പാടില്ല. ഈ വ്യവസ്ഥ അട്ടിമറിച്ചാണ് മോഹന്‍ലാലിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
മോഹന്‍ലാലിന് ലൈസന്‍സ് നല്‍കാന്‍ അനുമതി തേടി ഗണേഷ് കുമാര്‍ യു.പി.എ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നെങ്കിലും അപേക്ഷ തള്ളി. പിന്നീട് യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്ത് നല്‍കിയ അപേക്ഷ മോദി സര്‍ക്കാര്‍ പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിന് ലൈസന്‍സ് നല്‍കിയത്. വന്യജീവി സംരക്ഷണ നിയമത്തിന് വിരുദ്ധമായാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സ്വന്തമാക്കിയത് എന്ന വിവരം മറച്ചുവച്ചാണ് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തീരുമാനമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.