Kerala

മോഫിയ പർവീന്റെ ആത്മഹത്യ; അറസ്റ്റിലായ ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

ആലുവയിൽ നിയമ വിദ്യാർത്ഥിയായിരുന്ന മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. (mofiya parveen accused court)

അതേസമയം കേസിൽ ആരോപണ വിധേയനായ സിഐ സിഎൽ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം ഇപ്പോഴും തുടരുകയാണ്. സിഐയെ സസ്പെൻഡ് ചെയ്യാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മണിയോടെ എസ്പി ഓഫീസ് ഉപരോധിക്കും. അതേസമയം സിഐയോട് ഇന്ന് ഡിജിപിക്ക് മുന്നിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

ആരോപണ വിധേയനായ ആലുവ സിഐ സിഎൽ സുധീറിനെ സ്ഥലം മാറ്റുകയാണ് അധികൃതർ ചെയ്തത്. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.

മോഫിയയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ആലുവ റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് ഡിസംബർ 27ന് പരിഗണിക്കുമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

ആലുവ സിഐ സിഎൽ സുധീറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. ഗാർഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി. രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരിക്കേണ്ടിവന്നു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്നും പരാതിക്കാരി ആരോപിച്ചു. ‘എടീ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ ആക്രോശിച്ചു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആലുവ സ്വദേശിനിയുടെ ആരോപണം.

ഉത്ര കൊലക്കേസിന്റെ പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആരോപണ വിധേയനായ സുധീർ. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് ഇതിനു മുൻപും സുധീർ വിവാദം ഉണ്ടാക്കിയിട്ടുണ്ട്.