Kerala

മോഡലുകളുടെ മരണം; നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന് പരാതി: ഡി വി ആർ കായലിൽ നിന്ന് കിട്ടിയെന്ന് മത്സ്യ തൊഴിലാളി

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിൽ ജില്ലാ എക്‌സൈസ് മേധാവി ഇന്ന് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. നിയമം ലംഘിച്ച് മദ്യം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഡി വി ആർ കായലിൽ നിന്ന് കിട്ടിയെങ്കിലും കളഞ്ഞുവെന്ന് മത്സ്യ തൊഴിലാളി മൊഴി നൽകിയിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി കണ്ണങ്ങാട്ട് പാലത്തിന് സമീപമുള്ള കായലിൽ ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഹാർഡ് ഡിസ്ക് കായലിൽ തന്നെ ഉണ്ടെന്ന് ഉറപ്പിക്കുന്ന മൊഴിയാണ് മത്സ്യ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

അതേസമയം കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകി. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.