മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക ചായയും മധുര പലഹാരവും. അഞ്ച് മണ്ഡലങ്ങളിലായി ഒരുക്കിയ മാതൃകാ പോളിങ് ബൂത്തുകളിലാണ് ചായയും പലഹാരവും ഒരുക്കിയത്.
മഴ നനഞ്ഞ് കയറി വരുന്ന വോട്ടര്‍മാര്‍ക്ക് വിശ്രമമുറിയില്‍ ചൂട് ചായ, ബിസ്കറ്റ്. വായിക്കാന്‍ ദിനപത്രം. കുട്ടികള്‍ വാശിപിടിച്ച് കരഞ്ഞാല്‍ മിഠായി നല്കി ഒതുക്കാം. വോട്ട് ചെയ്യാന്‍ വരി നിന്ന് കാല് കുഴയണ്ട. ആദ്യമാദ്യം വരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ വാങ്ങി ചായയും കുടിച്ചിരിക്കുമ്പോള്‍ ഊഴത്തിനനുസരിച്ച് വോട്ട് രേഖപ്പെടുത്താം. തീര്‍ന്നില്ല, വോട്ട് ചെയ്ത് പോകുന്നവര്‍ക്ക് പച്ചക്കറി വിത്തും തൈകളും. മാതൃകാ പോളിങ് ബൂത്തുകള്‍ പലര്‍ക്കും പുതിയ അനുഭവം.
ചിലയിടത്ത് പ്രത്യേകം പന്തലിട്ടിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുച്ചക്രം, സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൌകര്യം എന്നിവയും ഒരുക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ആകെ 62 മാതൃകാ പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. ഏറ്റവും കൂടുതല്‍ അരൂരില്‍- 36.