ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം. എം മണി ടയർ കട ഉൽഘാടനത്തിന് എത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നും എം.എം മണി പറഞ്ഞു. മന്ത്രി വാഹനത്തിന്റെ 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനത്തിന് എത്തിയത്.
മണിയാശാന്റെ വാഹനം തന്നെ ആദ്യ അലൈൻമെന്റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യത്തിനു മന്ത്രി നോ പറഞ്ഞില്ല. കാറിനു ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വർക്ക്ഷോപ്പ് ജീവനക്കാർ മന്ത്രിയെ അറിയിച്ചു . മറ്റു മന്ത്രിമാർ സഞ്ചരിക്കുന്നതിനേക്കാൾ ദൂരംതന്റെ വാഹനം ഓടുന്നുണ്ട്.
അപ്പോൾ ടയറിന്റെ തേയ്മാനം സ്വാഭാവികമാണെന്നുമാണ് എം.എം മണിയുടെ വാദം. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് വണ്ടിയുടെ ടയർ നട്ടുകൾ ഒടിഞ്ഞ് തൂങ്ങിയെന്നും രണ്ട് തവണയും അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണെന്നും മന്ത്രി പറഞ്ഞു.