Kerala

എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയി; എം.എം ഹസൻ

എതിർക്കുന്നവരുടെ നാവരിയുന്ന പിണറായിക്ക് മകൾക്കെതിരായ ആരോപണത്തിൽ നാവിറങ്ങിപ്പോയെന്ന പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് എം.എം ഹസൻ രം​ഗത്ത്. മാത്യു കുഴൽനാടനെതിരെ ശര വേഗത്തിലാണ് അന്വേഷണം നടക്കുന്നത്. കുഴൽനാടനെതിരായ നീക്കം ആസൂത്രിതമാണെന്ന് വ്യക്തമാണ്. അന്വേഷണം നേരിടാൻ തയ്യാറെന്ന് മാത്യു തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് എതിരായ നടപടിയെന്ന് എല്ലാവർക്കും അറിയാമെന്നും എം.എം ഹസൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി സെക്രട്ടറിക്ക് എന്ത് ബാധ്യതയാണുള്ളത്. മാത്യുവിനെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണ്. പിണറായി മോദി മോഡൽ നടപ്പിലാക്കുകയാണ്. മാത്യുവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണങ്ങളിൽ എന്ത് കൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് എതിരെയുള്ള സിപിഐഎമ്മിന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താൻ കണ്ടെത്തിയ ഉത്തരങ്ങൾ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.

മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട്ടിൽ ഇന്നലെ ലാൻഡ് റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പിൽ രാവിലെ പതിനൊന്നു മുതലാണ് റീസർവേ തുടങ്ങിയത്. വീടിനോട് ചേർന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയർന്നിരുന്നു.

കോതമംഗലം താലൂക്കിലെ റവന്യൂ സർവേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് താലൂക്ക് സർവേയർ സജീഷ് എം.വി ഉടൻ തഹസിൽദാർക്ക് കൈമാറും. എംഎൽഎയുടെ വീട്ടിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു.
അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ എംഎൽഎയ്‌ക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സർവേ നടത്താൻ വിജിലൻസ് റവന്യൂ വകുപ്പിന് നിർദേശം നൽകിയത്.

നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ വീണ്ടും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് മാത്യു കുഴൽനാടൻ. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വീണാ വിജയൻറെ രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഒളിച്ചോടാൻ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാൻ ഇനിയും തയാറാണ്. സി എൻ മോഹനനെ തൃപ്തിപ്പെടുത്താൻ തനിക്കാകില്ലെന്ന് മാത്യു കുഴൽനാടൻ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സർവേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളിൽ നിയമനടപടി വേണ്ടിവന്നാൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത്‌ ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.