India Kerala

അങ്കത്തിനിറങ്ങുന്ന എം.എല്‍.എമാര്‍

എം.എൽ.എമാർ കൂട്ടത്തോടെ മത്സരിക്കാനിറങ്ങുന്നതാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. 9 പേരാണ് ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത്.എൽ.ഡി.എഫ് 6 പേരെ രംഗത്തിറക്കിയപ്പോൾ യു.ഡി.എഫ് മൂന്ന് എം.എൽ.എമാരെയാണ് കളത്തിലിറക്കിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയധികം എം.എൽ.എമാർ ഒരുമിച്ച് മത്സരത്തിനിറങ്ങുന്നത്.

സി.പി.എമ്മിൽ നിന്ന് 4 പേർ,സി.പി.ഐയുടെ രണ്ട് പേർ,കോൺഗ്രസിൽ നിന്ന് 3 പേർ. അങ്ങനെ മൊത്തം 9 എം.എൽ.എമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുകയാണ്. കോഴിക്കോട് നോർത്ത് എം.എൽ.എ പ്രദീപ് കുമാർ,ആറൻമുള എം.എൽ.എ വീണ ജോർജ്,അരൂർ എം.എൽ.എ ആരിഫ്,നിലമ്പൂർ എം.എൽ.എ പി.വി അൻവർ എന്നിവരാണ് സി.പി.എം പട്ടികയിലുളളവർ. തിരുവനന്തപുരത്ത് മത്സരിക്കാൻ നെടുമങ്ങാട് എം.എൽ.എ സി.ദിവാകരനേയും മാവേലിക്കരയിലേക്ക്,അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനേയും സി.പി.ഐയും രംഗത്തിറക്കി.എം.എൽ.എമാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയതിന് എൽ.ഡി.എഫിനെ പരിഹസിച്ച യു.ഡി.എഫിനും പക്ഷേ കാര്യത്തോടടുത്തപ്പോൾ മറ്റു വഴിയില്ലാതായി.

എറണാകുളത്ത് ഹൈബി ഈഡനും ആറ്റിങ്ങലിൽ അടൂർ പ്രകാശും കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യഘട്ടത്തിൽ തന്നെ ഇടം പിടിച്ചു. മത്സരിക്കാനാളില്ലാതെ കുഴങ്ങിയ വടകരയിൽ ഒടുവിൽ വട്ടിയൂർകാവ് എം.എൽ.എ കെ.മുരളീധരനെയും കോൺഗ്രസിന് ആശ്രയിക്കേണ്ടി വന്നു. വിജയ സാധ്യതയുളള സീറ്റുകളിലാണ് പല എംഎൽഎമാരും മത്സരിക്കുന്നതിനാൽ തന്നെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വലിയ നിയമസഭ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2009 ലോകസഭ തെരഞ്ഞെടുപ്പിൽ മൂന്ന് എം.എൽ.എമാർ കോൺഗ്രസിൽ നിന്ന് മത്സരിച്ചിരുന്നു. കണ്ണൂരിൽ കെ.സുധകരൻ, ആലപ്പുഴയിൽ കെ.സി വേണുഗോപാൽ എറണാകുളത്ത് കെ. വി തോമസ്.എല്ലാവരും ജയിച്ചതോടെ മൂന്നിടത്തും ഉപതെരഞ്ഞെടുപ്പും നടന്നു. കഴിഞ്ഞ വർഷം എം.എ ബേബിയും മാത്യു ടി.തോമസും എം.എൽ.എമീരായിരിക്കേ തന്നെ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും രണ്ട്പേരും തോറ്റതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നില്ല.