മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെ അനുകൂലിച്ച് എം.കെ മുനീര്‍. തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിൽ ബി.ജെ.പിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്സഭാംഗമാണ് തരൂരെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്‍വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കശ്മീരിന്റെ പുത്രന്മാരായ രാഹുൽ ഗാന്ധിക്കും,ഗുലാം നബി ആസാദിനും പ്രവേശനം നിഷേധിച്ച ഷാ-മോദി അച്ചുതണ്ടിനെ പ്രതിരോധിക്കാൻ രാജ്യത്തെ ഫാഷിസ്റ്റിതര കൂട്ടായ്മയെ യോജിപ്പിച്ചു നിർത്തേണ്ട കണ്ണി തന്നെ ദുർബ്ബലമാവുമ്പോൾ എന്ത് സന്ദേശമാണ് ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കത് നൽകുന്നത്? എന്ത് പ്രതീക്ഷയാണ് അവർക്കായി നാം ബാക്കി വെയ്ക്കുന്നത്?
പരസ്പരമുള്ള പഴിചാരലുകൾ മാറ്റി വെച്ച് കോൺഗ്രസ്സ്സംസ്കാരമുള്ള എല്ലാവരെയും പാർട്ടിക്കകത്ത് തന്നെ നിലനിർത്താനുള്ള ഭഗീരഥ പ്രയത്നമാണ് ഇന്നാവശ്യം. കോൺഗ്രസ് ഇല്ലാത്ത ശശി തരൂരിനെയോ, ശശി തരൂർ ഇല്ലാത്ത കോൺഗ്രസിനെയോ മതേതര കേരളത്തിന് സങ്കല്പിക്കാൻ പോലുമാവില്ല. സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തർക്ക,വിതർക്കങ്ങൾ കൊണ്ട് പോർമുഖം തീർക്കേണ്ട സമയമല്ലിത്. മറിച്ച് തർക്കിച്ചു നിൽക്കുന്നിടം തന്നെ ഇടിഞ്ഞു വീഴുന്ന സന്ദർഭമാണിത്. ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ബാഫഖി തങ്ങളും എന്റെ പിതാവും ഭാഗഭാക്കായ ഐക്യജനാധിപത്യ മുന്നണിയുടെ ആവിർഭാവ കാലത്തെ ഞാനിന്നുമോർക്കുന്നു. അന്ന് ഞാനൊരു കുട്ടിയായിരുന്നു. അതുകൊണ്ട് വേദനയോട് കൂടിയാണെങ്കിലും ഇത് പറയാനുള്ള ധാർമ്മിക ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ബഹു: ശശി തരൂർ ഒരു മോദിയനുകൂലിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ‘പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാൾക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാൻ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. കേരളത്തിൽ ബി.ജെ.പിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്സഭാംഗമെന്ന നിലയിൽ ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം മറ്റാരെക്കാളും വർദ്ധിച്ചതായി ഞാൻ കാണുന്നു.ശശി തരൂർ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല.
തന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ശശി തരൂർ കാണിക്കുന്ന ഉന്നതമായ പക്വത ശ്ലാഘനീയമാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധിയെന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ച് പ്രതികരിക്കുമ്പോഴും ഈ സൂക്ഷ്മത അദ്ദേഹം കാണിക്കേണ്ടതുണ്ട്. കാരണം കേരളത്തിലാണ് അദ്ദേഹത്തിന്റെ വേരുകൾ. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി സുദൃഢമായ ആത്മബന്ധം അദ്ദേഹം കാത്ത് സൂക്ഷിക്കണം. അത് ആരെക്കാളും നിർവ്വഹിക്കേണ്ട ബാധ്യത ശശി തരൂരിനുണ്ട്. മറിച്ച് കേരളത്തിലെ നേതാക്കൾ ശശി തരൂരിന്റെ പ്രതിഭാ വിലാസത്തെ മാനിക്കുകയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹത്തെ ഉൾകൊള്ളുകയും ചെയ്യണം.
രാജ്യം ഒരഗ്നിപർവ്വതമായി മാറി കൊണ്ടിരിക്കുന്ന ഈ അഭിശപ്ത മുഹൂർത്തത്തിൽ കോൺഗ്രസാണ് ജനതയുടെ അവസാന പ്രതീക്ഷ. വിശിഷ്യ ഇരുപതിൽ 19 സീറ്റും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നൽകിയ കേരളീയർ എല്ലാവരും ഒന്നിച്ചണിച്ചേർന്ന ഒരു കോൺഗ്രസിനെയാണ് സ്വപ്നം കാണുന്നത്. പരസ്പരം കരം ഗ്രഹിച്ചു നിൽക്കുന്ന പാരസ്പര്യമാണ് നമുക്ക് കോൺഗ്രസ്. ഈ വാക്പോര് നമുക്കെത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് അവസാനിപ്പിച്ചേ മതിയാകൂ.
കോൺഗ്രസ് കോൺഗ്രസുകാരുടേത് മാത്രമല്ല എന്ന് അവർ തിരിച്ചറിയണം. കോൺഗ്രസ് ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനതയുടെയും പ്രതീക്ഷാ നാളമാണ്.കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ് ഇതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഇത് ഇന്ത്യൻ ജനതയുടെ നിലനില്പിന്റെ കൂടി പ്രശ്നമായത് കൊണ്ട് ഇക്കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായമെങ്കിലും പറയാതെ പോയാൽ അത് സ്വയം ചെയ്യുന്ന ഒരനീതിയായി മാറും.