സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ വിശദീകരിക്കാനുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ വിളിക്കാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ എം കെ മുനീര്‍. സര്‍ക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. ഇത്തരം തീരുമാനങ്ങള്‍ സില്‍വര്‍ലൈനെതിരായ സമരം ശക്തിപ്പെടുത്തുമെന്നും എം കെ മുനീര്‍ ആഞ്ഞടിച്ചു.
ഇരകളോട് സംസാരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്ന് മുനീര്‍ കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ എല്ലാവരും ബൃന്ദ കാരാട്ടാകും. പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈനില്‍ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചാണ് സര്‍ക്കാര്‍ ഇതിനായി വേദി ഒരുക്കിയത്. ഏപ്രില്‍ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വര്‍മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചക്ക് ക്ഷണം ഇല്ല.
അതേസമയം സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്.