Kerala

‘ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’ എം.കെ മുനീര്‍

ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് എം.കെ മുനീര്‍. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെന്നും മുനീര്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കഴിഞ്ഞ ആറുമാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് സേവനം നടത്തിയവരെ അപമാനിക്കുന്ന നടപടിയായി ഈ സസ്പെൻഷൻ. കൊട്ടിഘോഷിച്ച കോവിഡ് ബ്രിഗേഡിൽ നിന്നും ഡോക്ടർമാർ പിൻവാങ്ങി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ഡോക്ടർമാരും ജോലി ഭാരം താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നുവെന്നും മുനീര്‍ പറഞ്ഞു.

വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടുമ്പോൾ ആ സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തെ ആശുപത്രികളിലോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലോ ഇല്ല. അതുകൊണ്ട് ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.കെ മുനീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടണം!

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്..മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും പ്രിൻസിപ്പലിനെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചുമതലപ്പെട്ട ഡോക്ടറാണോ വീഴ്ചയുടെ ഉത്തരവാദി.?

കോവിഡ് ഡ്യൂട്ടി സുഗമമായി നിർവഹിക്കുന്നതിന് അധിക ജീവനക്കാരുടെ ആവശ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എത്രയോ പ്രാവശ്യം സർക്കാരിന് കത്ത് നൽകിയിരിക്കുന്നു. കഴിഞ്ഞ ആറുമാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് സേവനം നടത്തിയവരെ അപമാനിക്കുന്ന നടപടിയായി ഈ സസ്പെൻഷൻ.

കൊട്ടിഘോഷിച്ച കോവിഡ് ബ്രിഗേഡിൽ നിന്നും ഡോക്ടർമാർ പിൻവാങ്ങി കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമിച്ച ഡോക്ടർമാരും ജോലി ഭാരം താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചു പോകുന്നു. വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടുമ്പോൾ ആ സാഹചര്യത്തെ നേരിടാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തെ ആശുപത്രികളിലോ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലോ ഇല്ല. ഇതിനിടയിൽ ജൂനിയർ ഡോക്ടർമാരിൽ നിന്നും ശമ്പളം പിടിച്ചു വാങ്ങി,അവസാനം അവരിൽ പലരും ജോലി തന്നെ ഉപേക്ഷിച്ചുപോയി. NHM വഴി നൽകിയ ഉയർന്ന ശമ്പളവും ഇൻസെന്റീവ് പോലും ഉപേക്ഷിച്ചു പോയവർ ഉണ്ട്.

കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗരേഖ; ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിൽ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് തന്നെയാണ് ഇതിലൂടെ മനസ്സിലാകുന്നത്. 24 മണിക്കൂർ എന്ന കണക്കിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കും ഇതര ജീവനക്കാർക്കും കഴിഞ്ഞ ഏഴ് മാസത്തിലധികമായി ലഭിക്കുന്ന അവധി പോലും ഇല്ലാതാക്കിയാണ് പുതിയ ഉത്തരവ്.

ദൈവദൂതർ എന്നും മാലാഖമാർ എന്നും വിളിക്കപ്പെട്ടവർക്ക് ഇനി മുന്നോട്ടുള്ള ഓരോ ചുവടു വയ്പ്പിലും വേണ്ടത് ഉത്തേജനമാണ്. പകരം അവർക്ക് നൽകുന്നതോ ശിക്ഷാ നടപടികളും.എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു പറ്റിയ സമയമല്ല ഇത്.

എന്നാൽ കോവിഡ് രോഗിയായിരുന്ന, മതിയായ പരിചരണം കിട്ടാതെ പോയ അനിൽകുമാറിന് വിദഗ്ധചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ആ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകണം.

ഓരോ ഡോക്ടറും താൻ ചികിത്സിക്കുന്ന രോഗി എത്രയും വേഗം സുഖം പ്രാപിക്കണം എന്നാഗ്രഹിക്കുന്നവരാണ്. അവരുടേതല്ലാത്ത കാരണത്താൽ രോഗിക്ക് അത്യാഹിതം സംഭവിച്ചാലും ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രവണത അടുത്തകാലത്ത് വല്ലാതെ വർദ്ധിക്കുന്നു. കൊല്ലത്ത് ജീവനൊടുക്കിയ ഡോ.അനൂപ് ഇതിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ്.

ഡോക്ടർമാരുടേയും ജീവനക്കാരുടേയും സമരം എത്രയും വേഗം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം!!