പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയിൽ സി.പി.ഐ.എം. സ്വീകരിച്ച നിലപാട് വിഷലിപ്തമെന്ന് എം.കെ. മുനീർ. എ. വിജയരാഘവന്റേത് വർഗീയത വളർത്തുന്ന നിലപാടാണെന്നും എം.കെ മുനീർ അറിയിച്ചു. മന്ത്രി വി.എൻ വാസവൻ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകൾ മതത്തിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നും എ. വിജയരാഘവൻ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. മറ്റ് ചില വർഗീയ സംഘടനകളും അതിന് ശ്രമിച്ചു. കേരളത്തിലെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷണവും ദുർബലപ്പെടുത്തുന്നതിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, ബിഷപ്പിനെ സന്ദർശിച്ചത് സർക്കാർ ദൂതുമായല്ലെന്നും ബിഷപ്പ് ഹൗസിലേത് പതിവ് സന്ദർശനമാണെന്നും പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണ്. വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്ന് പറഞ്ഞ മന്ത്രി തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ സമവായ ചർച്ചകൾ ആലോചിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണ്. നിലവിൽ സമവായ ചർച്ചകൾ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദർശനമെന്നും നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.