Kerala

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം; മോക്ക് ഡ്രിൽ ഇന്ന് നടക്കും

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.

അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

പിടികൂടുന്ന അരിക്കൊമ്പനെ നാളെയോ മറ്റന്നാളോ ആയി മയക്കു വെടി വെക്കാനാണ് പദ്ധതി. അതേസമയം അരികൊമ്പൻ വിഷയം കോടതിയിൽ എത്തിയതിനാലാണ് പരിഹരിക്കാൻ താമസമെടുക്കുന്നതെന്നായിരുന്നു വനം മന്ത്രി എകെ ശശീന്ദ്രന്റെ വാദം.