Kerala

അരിക്കൊമ്പൻ ദൗത്യത്തിനെത്തിച്ച കുങ്കി ആനകളെ സിമന്റ് പാലത്തുനിന്നും 301 കോളനിയിലേക്ക് മാറ്റി

അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിനായി എത്തിച്ച കുങ്കി ആനകളെ സിമന്റ് പാലത്തുനിന്നും 301 കോളനിയിലേക്ക് മാറ്റി. ആനകളെ കാണാൻ സന്ദർശകരുടെ വരവ് കൂടിയതും, അരിക്കൊമ്പനും ചക്കക്കൊമ്പനും സ്ഥിരമായി എത്തുന്നതുമാണ് കുങ്കിത്താവളം മാറ്റാൻ കാരണം. അതേസമയം അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടി മാറ്റുന്നതിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. 

വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ സിമന്റ് പാലത്ത് എത്തിയിട്ട് ആഴ്ചകളായി. ഒപ്പം 25 പേരടങ്ങുന്ന ദൗത്യസംഘ അംഗങ്ങളും. സ്വകാര്യ എസ്റ്റേറ്റിലാണ് ക്യാമ്പ് സജ്ജമാക്കിയിരുന്നത്. ദൗത്യം നീണ്ടതോടെ എസ്റ്റേറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചു. കുങ്കിത്താവളം വഴിയരികിൽ ആയതിനാൽ ദിനംപ്രതി 100 കണക്കിന് പേർ ആനകളെ കാണുന്നതിനും ചിത്രം പകർത്തുന്നതിനും എത്തിയിരുന്നു. ഇതോടെയാണ് സിമൻറ് പാലത്തെ ക്യാമ്പ് 301 കോളനിയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്.

അരിക്കൊമ്പനും, ചക്കക്കൊമ്പനും ദിവസങ്ങളായി സിമൻറ്പാലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇതു വരെ പത്ത് ലക്ഷം രൂപ വനം വകുപ്പ് ചില വഴിച്ചെന്നാണ് വിവരം.