നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലാണ് ഇത്തവണ വനിത ദിന കടന്നുപോകുന്നത്. 14 നിയസഭകള്‍ മാറി മാറി വന്നെങ്കിലും ഇന്നുവരെ ഒരു വനിത മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. 1987 ല്‍ ‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടു’മെന്ന് സിപിഎം പ്രചാരണം നടത്തിയെങ്കിലും പക്ഷേ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. കേരളം കണ്ട വിനതാ മ ന്ത്രിമാരുടെ എണ്ണം നോക്കുകയാണെങ്കില്‍അത് എട്ട് മാത്രം. എം.എല്‍.എമാരുടെ എണ്ണവും 100 കടന്നിട്ടില്ല. കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ത്രീ പ്രാതിനിധ്യം ഒന്ന് പരിശോധിക്കാം.
മമതാബാനര്‍ജിക്ക് ബംഗാളിലും മായാവതിക്ക് ഉത്തര്‍പ്രദേശിലും ജാനകിക്കും ജയലളിതക്കും തമിഴ്നാട്ടിലും കഴിയുമായിരുന്നെങ്കില്‍ കേരളം ഭരിക്കാന്‍ ഗൗരിയമ്മയ്ക്കുമുണ്ടായിരുന്നു അര്‍ഹത. ഷീല ദീക്ഷിത്തിന് ഡല്‍ഹിയിലും വസുന്ധരെ രാജക്ക് രാജസ്ഥാനിലും ഉമാഭാരതിക്ക് മധ്യപ്രദേശിലും മുഖ്യമന്ത്രിയാകാമായിരുന്നെങ്കില്‍ നവോത്ഥാനം എന്ന് നാം പേരിട്ട് വിളിക്കുന്നത് മറ്റെന്തിനെയോ ആണെന്ന് സമ്മതിക്കേണ്ടി വരും. 1957 മുതല്‍ 2016 വരെ കേരളം കണ്ടത് എട്ട് വനിതാമന്ത്രിമാരെ മാത്രം. ആറു പതിറ്റാണ്ടായിട്ടും കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ഗൗരിയമ്മ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്നതും അക്കാരണത്താലാണ്.
ആദ്യ 13 നിയമസഭകളുടെ കാലത്ത് 21 മന്ത്രിസഭകളാണ് അധികാരമേറ്റത്. ഇതില്‍ ഒമ്പത് സഭകളില്‍ വനിതകളേയുണ്ടായിരുന്നില്ല. ആദ്യമന്ത്രിസഭയിലെ അംഗമായിരുന്ന ഗൗരിയമ്മ പിന്നീട് അഞ്ച് മന്ത്രിസഭകളില്‍കൂടി അംഗമായി. എന്നിട്ടും കേരം തിങ്ങും കേരളനാട് കെ.ആർ ഗൗരി ഭരിച്ചില്ല. ഗൗരിയമ്മക്കു ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായത, വനിത കോണ്‍ഗ്രസിലെ എം. കമലമാണ്. 82 മുതല്‍ 87 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രി.
കെ.പി.സി.സി അംഗവും മഹിളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്ന എം.ടി പദ്മയാണ് മൂന്നാമത്തെ മന്ത്രി. പദ്മ രണ്ടുതവണ മന്ത്രിയായി. 1996ലെ നായനാർ മന്ത്രിസഭയില്‍ സുശീല ഗോപാലനിലൂടെ സംസ്ഥാനത്തിന് നാലമത്തെ വനിതാമന്ത്രിയെ ലഭിക്കുന്നു. അന്ന് സുശീല ഗോപാലൻ മുഖ്യമന്ത്രിപദത്തിന് തൊട്ടടുത്തെത്തിയിരുന്നു. പക്ഷെ സംസ്ഥാനകമ്മിറ്റിയിൽ വോട്ടെടുപ്പിൽ ജയിച്ചാണ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായത്.
2006ലെ വി.എസ് മന്ത്രിസഭയിലും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഓരോ മന്ത്രിമാർ വീതമുണ്ടായിരുന്നു. പി.കെ ശ്രീമതിയും പി.കെ ജയലക്ഷ്മിയും. ആദിവാസി മേഘലയില്‍ നിന്നുള്ള ആദ്യ മന്ത്രി കൂടിയായിരുന്നു ജയലക്ഷ്മി. സംസ്ഥാനത്താദ്യം രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തിയത് പിണറായി വിജയന്‍ സർക്കാരിലാണ്.
കെ.കെ ശൈലജയും ജെ. മേഴ്സിക്കുട്ടിയമ്മയും. ഇതുവരെ നടന്ന 14 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജയിച്ച വനിത എം.എല്‍.എമാരാകട്ടെ 88 മാത്രമാണ്. തെരഞ്ഞെടുപ്പിലെ വനിത വോട്ടര്‍മാരുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. നിയമപരമായ ബാധ്യതയെന്ന നിലയിലെ സ്ത്രീ സംവരണമല്ലാതെ ഇ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ സാധ്യതാ ലിസ്റ്റിലും പത്ത് ശതമാനം പോലും സ്ത്രീകള്‍ ഇല്ല.